ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് എതിരെ നടപടിയുമായി എം.വി.ഡി; മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി മോട്ടോള്‍ വാഹന വകുപ്പ്

scoter

നിബന്ധനകള്‍ പാലിക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച് മോട്ടോള്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്‌ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

1. ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(ARAI, ICATetc) അപ്രൂവല്‍ ഉള്ളതാണോ?.

2.വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 250 വാട്‌സില്‍ കുറഞ്ഞ പവര്‍ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലര്‍ സ്പീഡോമീറ്ററില്‍ 25 കിലോമീറ്റര്‍ ലോക്കാണെങ്കിലും കൂടുതല്‍ വേഗത്തില്‍ പോകുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കില്‍ വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമില്‍ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങള്‍ക്കെതിരെ റോഡില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടിയ വേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ് നിയമപ്രശ്‌നങ്ങള്‍ക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം… രജിസ്‌ടേഷന്‍ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ.

Share this story