കാസർകോട്ടെ വ്യവസായിയുടെ ദുരൂഹ മരണം: ഉദുമയുടെ യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന

Police

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന. വ്യവസായിയുടെ മരണത്തിന് പിന്നാലെ 595 പവൻ കാണാതായ സംഭവത്തിലാണ് യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിൽ നടത്തിയ പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടു.

മെറ്റൽ ഡിക്ടറ്റർ അടക്കമുള്ള ഉപകരണങ്ങളുമായി കാസർകോട്ടുനിന്നുള്ള പ്രത്യേക സംഘവും ബേക്കൽ പോലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു. എന്നാൽ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് വിസമ്മതിച്ചു. ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ പോലീസിൽ നൽകിയ പരാതിയിൽ ഈ യുവതിയുടെയും ഭർത്താവിന്റെയും പേര് പരാമർശിച്ചിരുന്നു. 

ഏപ്രിൽ 14-ന് പുലർച്ചെയാണ് ഫറൂഖിയ മസ്ജിദിന് സമീപം ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയുടെ (55) മൃതദേഹം സ്വന്തം വീട്ടിൽ കണ്ടെത്തിയത്. മരണസമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. സ്വാഭാവികമരണമെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്നുതന്നെ കബറടക്കുകയും ചെയ്തു. എന്നാൽ പിന്നീട്  വീട്ടിൽനിന്ന് 595 പവൻ നഷ്ടപ്പെട്ടത് വീട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് സംശയമുള്ള രണ്ട് പേരുകൾ സൂചിപ്പിച്ച് പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.
 

Share this story