പാലക്കാട് ബിജെപി പ്രവർത്തകർക്ക് ആവേശം നിറച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

modi

പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. പാലക്കാട് അഞ്ചുവിളക്കിൽ നിന്ന് ഹെഡ് പോസ്‌റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ മോദിക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറും മലപ്പുറത്തെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും ചേർന്നു

മോദിയെ കാണാൻ നൂറുകണക്കിനാളുകളാണ് റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയത്. ഇരുഭാഗത്ത് നിന്നും മുദ്രവാക്യം മുഴക്കി പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി പ്രവർത്തകർ മോദിയെ വരവേറ്റത്. 

കോയമ്പത്തൂരിൽ നിന്നും ഹെലികോപ്റ്റർ മാർഗം പാലക്കാട് എത്തിയ മോദി മേഴ്‌സി കോളേജിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം അഞ്ചുവിളക്കിൽ എത്തുകയായിരുന്നു. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ റോഡ് ഷോ ആരംഭിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് പാലക്കാട് ഒരുക്കിയിരുന്നത്.
 

Share this story