നെടുമ്പാശ്ശേരി അപകടം; മൂന്നാം പ്രതി സുഹൃത്തിന് അയച്ച നിർണായക ശബ്ദസന്ദേശം പുറത്ത്: കേസിൽ വഴിത്തിരിവ്

സുഹൈൽ കോടതി

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യ പ്രതി സുഹൈൽ സജീവിന് കുരുക്കായി, മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ പൊലീസിന്. നന്നായി മദ്യപിച്ച സുഹൈൽ സജീവ് അമിത വേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ തട്ടിയെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും അപകടസ്ഥലത്ത് നിന്ന് തങ്ങൾ രക്ഷപ്പെട്ടെന്നും ജോയൽ പറയുന്നു. നാട്ടുകാർ വന്നപ്പോൾ സുഹൈൽ വാപ്പ നോക്കിക്കോളും എന്നും പറഞ്ഞതായും ശബ്ദരേഖയിലുണ്ട്. നിനവ് പറഞ്ഞത് അനുസരിച്ചാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് എന്നും ജോയൽ പറയുന്നു.നിർണായക ശബ്ദരേഖ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.

പ്രതികൾക്ക് ജാമ്യം നൽകരുത് എന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചു. ബസ് ഡ്രൈവർ അമിത വേഗത്തിൽ പോകുന്നതിന് യാത്രക്കാർ ഉത്തരവാദി ആണോ എന്ന് കോടതി ചോദിച്ചു. കൂടെ ഉണ്ടായിരുന്നവർ അമിത വേഗത ആസ്വദിച്ചവർ ആണെന്നും -പ്രതി റോഡിലൂടെ പല തവണ വാഹനം ഓടിച്ചു പോയതിന് തെളിവുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന് പൊലീസ് അറിയിച്ചു. അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ജാമ്യപേക്ഷയിൽ മറ്റന്നാൾ വിധി പറയും.

എഫ്ഐആറിൽ പ്രതികളുടെ പേര് ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സുഹൈലിന്റെ പേര് പറയാതെ നരഹത്യ കുറ്റം ചുമത്തി. തെളിവുകൾ ഇല്ലാതെയാണ് ഈ വകുപ്പ് ചുമത്തിയത്. ക്ലൈമാക്സ്‌ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പ്രതിഭാ​ഗം വാ​ദിച്ചു. ജാമ്യ ഹർജിയെ മരിച്ച ഗോപികയുടെ കുടുംബവും എതിർത്തു. സുഹൈൽ ഇതിന് മുൻപും അപകടമുണ്ടാക്കിയിട്ടുണ്ട്. അത് പിതാവ് ഒതുക്കി തീർത്തു എന്ന് കുടുംബം ആരോപിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നും കുടുംബം പറഞ്ഞു.

Tags

Share this story