നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടം; വിവിധ ഏജൻസികളുടെ അന്വേഷണം ഇന്നാരംഭിക്കും
Mon, 27 Mar 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്റ്റർ പരിശോധിക്കും. ഡിജിസിഎയും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
റൺവേയിൽ നിന്ന് ഉയർന്നുപൊങ്ങിയ ശേഷം വശങ്ങളിലേക്കുള്ള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.