ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയത്: പിതാവ് വിനീഷ്

സൂചി

പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുടുംബം രം​ഗത്ത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വാദേശി വിനീഷ് ഉറപ്പിച്ചു പറയുന്നു.

എൻഐസിയു ബെഡിൽ നിന്നാവും സൂചി തറച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് വിനീഷ് മീഡിയവണിനോട് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു വര്‍ഷത്തോളമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ സൂചി തറച്ചിരുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ മകള്‍ അദ്വികയാണ് സൂചിയുമായി ജീവിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയത്.

കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന സര്‍ജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags

Share this story