നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും

സുപ്രീം കോടതി

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിട്ടും തുടർപഠനം സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും വിദ്യാർത്ഥികൾ. ഗ്രേസ് മാര്‍ക്കിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവര്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്.

അനധികൃത ഗ്രേസ് മാര്‍ക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കഴിഞ്ഞതവണ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ അത് 67 ആയി വര്‍ദ്ധിച്ചു. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവര്‍. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്യുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500 ല്‍ താഴെ മാത്രം. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.

ചോദ്യങ്ങളുടെ നിലവാരം കുറയുന്നതും പരീക്ഷ നടത്തിപ്പിലെ വീഴ്ചകളും അനര്‍ഹര്‍ക്ക് അവസരം ഒരുക്കുന്നതായി ആരോപണമുണ്ട്. പുനര്‍ മൂല്യനിര്‍ണയം അല്ലെങ്കില്‍ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതാണ് ആവശ്യം. ഗ്രേസ് മാര്‍ക്കിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.

2023ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്കു വാങ്ങിയവരുടെ എണ്ണത്തില്‍ 3 ഇരട്ടി വര്‍ധനയുണ്ടായി, ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി.

പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡം സംബന്ധിച്ച് എന്‍ടിഎ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നീറ്റിന്റെ പ്രോസ്പക്ടസില്‍ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് വിവരങ്ങളില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Share this story