നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 'അപൂർവങ്ങളിൽ അപൂർവം' എന്ന് കോടതി
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം.
ക്രൂരതയുടെ പശ്ചാത്തലം: ജാമ്യത്തിലിറങ്ങി വീണ്ടും കൊലക്കത്തി
2025 ജനുവരി 27-നായിരുന്നു കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. നെന്മാറ പോത്തുണ്ടി സ്വദേശിയായ സുധാകരൻ (56), അദ്ദേഹത്തിന്റെ വയോധികയായ അമ്മ ലക്ഷ്മി (74) എന്നിവരെ വീടിന് മുന്നിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെ, 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയാണ് പ്രതി. തന്റെ കുടുംബം തകരാൻ കാരണം സുധാകരന്റെ കുടുംബമാണെന്ന സംശയത്തെ തുടർന്നായിരുന്നു സജിതയെ പ്രതി കൊലപ്പെടുത്തിയത്. ഈ കേസിൽ കോടതി ഇയാൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഈ കേസിലെ വിചാരണയ്ക്കിടെ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ്, ജാമ്യവ്യവസ്ഥകൾ കാറ്റിൽപ്പറത്തി ചെന്താമര വീണ്ടും കൊലക്കത്തിയെടുത്തതും സുധാകരനെയും അമ്മയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതും.
കോടതി നിരീക്ഷണം
പ്രതി യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നൽകാൻ വധശിക്ഷ അനിവാര്യമാണെന്നും" കോടതി നിരീക്ഷിച്ചു. വിചാരണ വേളയിലും വിധി പ്രസ്താവന സമയത്തും തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, തൂക്കിക്കൊല്ലണമെങ്കിൽ കൊല്ലാം എന്നുമുള്ള രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം.
സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യ, അഖില എന്നിവരുടെ സുരക്ഷ മുൻനിർത്തിയും, പ്രതി സമൂഹത്തിന് വൻ ഭീഷണിയാണെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ഈ കടുത്ത ശിക്ഷാവിധിയിലേക്ക് എത്തിയത്. ഒന്നരവർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ കേസിൽ അന്തിമവിധി വന്നിരിക്കുന്നത്.
