ക്ലിഫ് ഹൗസില്‍ പുതിയ സിസിടിവികള്‍: ചെലവാക്കിയത് 12.93 ലക്ഷം

Clif House

ക്ലിഫ്ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്.

ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ക്ലിഫ്ഹൗസില്‍ സിസിടിവി സ്ഥാപിച്ച് കമ്മീഷന്‍ ചെയ്ത വകയില്‍ 1293957 രൂപയാണ് ചെലവായത്. ഇ.പി.എ.ബി.എക്‌സ് സിസ്റ്റം (ടെലിഫോണ്‍ സംവിധാനം) സ്ഥാപിച്ച വകയില്‍ 2.13 ലക്ഷവും ചെലവായി. ലാന്‍ ആക്‌സസ് പോയിന്റ് സ്ഥാപിച്ചതിന് ചെലവായത് 13502 രൂപയാണ്.

പുതിയ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത് ദുരൂഹമാണെന്ന് ആരോപിച്ച് അപേക്ഷകനായ പ്രാണകുമാര്‍ രംഗത്തെത്തി. പുതിയ കാമറകള്‍ സ്ഥാപിച്ചപ്പോള്‍ പഴയ ദൃശ്യങ്ങള്‍ നശിപ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2016 മുതല്‍ 2020 വരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സ്വപ്ന സുരേഷ് വെല്ലുവിളിച്ചതുകൂടി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സി.ആര്‍ പ്രാണകുമാര്‍ ആവശ്യപ്പെട്ടത്.

Share this story