മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിർണായക അന്തർസംസ്ഥാന ചർച്ചകൾക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറിൽ

മുല്ലപെരിയാർ ഡാം

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളവും തമിഴ്‌നാടും തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്ന് മൂന്നാറിൽ നടക്കും. പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെയാണ് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ഇരുപക്ഷത്തെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും.

​കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ രാജീവ് പ്രതാപ് റൂഡി എംപിയുടെ അധ്യക്ഷതയിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സമിതിയിലെ അംഗങ്ങളായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാരും ചർച്ചകളിൽ പങ്കാളികളാകും.

​കേരളത്തിന്റെ നിലപാട്

"തമിഴ്‌നാടിന് സുരക്ഷിതമായ വെള്ളം, കേരളത്തിന് പുതിയ ഡാം"

​എന്ന ഔദ്യോഗിക നിലപാട് കേരളം യോഗത്തിൽ ശക്തമായി ആവർത്തിക്കും. ലക്ഷക്കണക്കിന് വരുന്ന കേരള ജനതയുടെ സുരക്ഷ മുൻനിർത്തി പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് കേരളം വ്യക്തമാക്കും. ഇതിനൊപ്പം മുല്ലപ്പെരിയാർ സുരക്ഷാ മേൽനോട്ട സമിതിയിൽ (വിദഗ്ധ സമിതി) നിന്ന് കേരളത്തിന്റെ പ്രതിനിധിയെ അകാരണമായി ഒഴിവാക്കിയ നടപടിക്കെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതിനിധിയെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

​തമിഴ്‌നാടിന്റെ എതിർപ്പ്

​തമിഴ്‌നാട്ടിൽ ഭരണം മാറിയതിനു ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ നടക്കുന്ന ആദ്യ അന്തർസംസ്ഥാന ചർച്ചയാണിത്. പുതിയതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ ശ്രമിക്കുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് വലിയ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമാണുള്ളത്.

​കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന വിവിധ ജലപദ്ധതികളുടെ പുരോഗതിയും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. നിലപാടുകളിൽ ഇരു സംസ്ഥാനങ്ങളും ഉറച്ചുനിൽക്കുന്നതിനാൽ ഇന്നത്തെ ചർച്ചകൾ ഏറെ സങ്കീർണ്ണമാകാനാണ് സാധ്യത.

Tags

Share this story