തളിപ്പറമ്പിൽ എംവി ഗോവിന്ദന് പകരം നികേഷ് കുമാർ മത്സരിച്ചേക്കും; പേരാവൂരിൽ ജോൺ ബ്രിട്ടാസിന് സാധ്യത

nikesh

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ തളിപ്പറമ്പ് മണ്ഡലത്തിൽ എംവി നികേഷ് കുമാറിന് സാധ്യത. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് തളിപ്പറമ്പ്. കഴിഞ്ഞ തവണ 22,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംവി ഗോവിന്ദൻ ഇവിടെ നിന്ന് വിജയിച്ചത്

മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് സമ്പൂർണ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ എംവി നികേഷ് കുമാർ നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. സിപിഎമ്മിന്റെ സമൂഹ മാധ്യമ പ്രചാരണത്തിന്റെ ചുമതലയും നികേഷ് കുമാറിനാണ്. 2016ൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നികേഷ് കുമാർ പരാജയപ്പെട്ടിരുന്നു

അതേസമയം പേരാവൂർ മണ്ഡലത്തിൽ ജോൺ ബ്രിട്ടാസിനെ സിപിഎം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. 2011 മുതൽ സണ്ണി ജോസഫാണ് മണ്ഡലത്തിൽ നിന്ന് ജയിച്ച് വരുന്നത്. യുഡിഎഫിനായി സണ്ണി ജോസഫ് തന്നെയാകും ഇത്തവണയും സ്ഥാനാർഥിയാകുക. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിന്റെ വിജയം

2006ൽ കെ കെ ശൈലജ ടീച്ചർ പേരാവൂർ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്. ജോൺ ബ്രിട്ടാസ് മത്സരിക്കാനെത്തിയാൽ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
 

Tags

Share this story