ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു

suspension

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ജൂനിയർ റസിഡന്റ് ഡോക്ടർ മുസ്തഫ. ജൂനിയർ കൺസൾട്ടന്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 

ഒമ്പത് വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. 

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റിയത്.
 

Tags

Share this story