ഭീതിയായി വീണ്ടും നിപ; കോഴിക്കോട്ട് ഫറോക്ക് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Nippa Virus

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ രോഗിക്കാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മൈക്രോബയോളജി ലാബിൽ നടത്തിയ പിസിആർ (PCR) പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

​പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്ക് എംആർഐ (MRI) സ്കാൻ പരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് നിലവിൽ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില വരും മണിക്കൂറുകളിൽ മെഡിക്കൽ ബോർഡ് വിലയിരുത്തും. സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെടുന്ന പക്ഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

​സമ്പർക്കപ്പട്ടികയും പ്രതിരോധ പ്രവർത്തനങ്ങളും

​രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് അടിയന്തരമായി തയാറാക്കി വരികയാണ്. നിരവധി പേർ ഉൾപ്പെട്ടിട്ടുള്ള ഈ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും ഉടൻ തന്നെ കർശന നിരീക്ഷണത്തിലാക്കും.

​രോഗബാധ പൂർണ്ണമായി സ്ഥിരീകരിക്കുന്നതിനും കൂടുതൽ വ്യക്തത വരുത്തുന്നതിനുമായി രോഗിയിൽ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകൾ പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags

Share this story