നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ നാടകീയമായി കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്

Nithin

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എന്നാൽ, കോടതി ഉത്തരവിന് പിന്നാലെ കോടതി വളപ്പിൽ വെച്ച് തന്നെ റാമിനെ ക്രൈംബ്രാഞ്ച് സംഘം നാടകീയമായി വീണ്ടും കസ്റ്റഡിയിലെടുത്തു.

​ബലം പ്രയോഗിച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കൊണ്ടുപോയതെന്നും ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും റാമിന്റെ അഭിഭാഷകൻ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലൻ തങ്ങളെ തള്ളിമാറ്റിയാണ് റാമിനെ ജീപ്പിലേക്ക് കയറ്റിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും ആരോപിച്ചു.

​സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന റാമിനെ ഇന്ന് രാവിലെയാണ് കർണാടകയിലെ കുടകിൽ വെച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ആന്ധ്രയിലെ ചിറ്റൂരിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ഒളിവിൽ കഴിഞ്ഞ ശേഷം കുടകിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

​ചോദ്യം ചെയ്യലിൽ, താൻ നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിൽ സാധാരണ അധ്യാപക-വിദ്യാർത്ഥി ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും പ്രതി അവകാശപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

Tags

Share this story