ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എൻഎം വിജയന്റെ മരുമകൾ

അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ജീവനൊടുക്കിയ വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരുമകൾ പത്മജ. ബാധ്യത തീർക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം മാധ്യമങ്ങളിലൂടെയാണ് കണ്ടതെന്നും പത്മജ പറഞ്ഞു
സെപ്റ്റംബർ 30നുള്ളിൽ ബാധ്യത തീർക്കണം. അല്ലാത്ത പക്ഷം ഒക്ടോബർ 2ന് ഡിസിസിക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും പത്മജ പറഞ്ഞു. ഇപ്പോഴും കോൺഗ്രസ് നേതാക്കൾ പറയുന്നത് കുടുംബത്തിന്റെ ബാധ്യത എന്നാണ്. എൻഎം വിജയന് ബാധ്യത വന്നത് പാർട്ടിക്ക് വേണ്ടിയാണെന്നും പത്മജ പറഞ്ഞു
കരാറിലെ മൂന്ന് കാര്യങ്ങൾ എന്നത് കോൺഗ്രസ് പാർട്ടി കുടുംബത്തിന് മേൽ അടിച്ചേൽപ്പിച്ചതാണെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എൻഎം വിജയന്റെ അർബൻ ബാങ്കിലുള്ള ബാധ്യത തീർക്കുമെന്ന് അറിയിച്ചത്.