സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യലിൽ വലിയ കാര്യമില്ല; ആ ലൈഫും ഈ ലൈഫും രണ്ടാണ്: എംവി ഗോവിന്ദൻ

govindan

ലൈഫ് പദ്ധതിയെ കുറിച്ച് ആർക്കും സംശയം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ പദ്ധതിയിലൂടെ ഇതിനകം മൂന്നേകാൽ ലക്ഷം ആളുകൾക്ക് വീട് നൽകി. ഇനിയും കേരളത്തിൽ ഭൂമിയില്ലാത്ത മൂന്നര ലക്ഷത്തോളം ആളുകളുണ്ട്. അവർക്കും ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ

അത് പൂർത്തിയാകുമ്പോൾ ഭൂമിയില്ലാത്ത ഒരാൾ പോലുമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന ലൈഫിന് ഈ ലൈഫുമായി യാതൊരു ബന്ധവുമില്ല. ചോദ്യം ചെയ്യലിൽ വലിയ കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

രവീന്ദ്രനെ ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടില്ലേ. എത്ര കൊല്ലമായി ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട്. ലൈഫിനെ സംബന്ധിച്ച് വളരെ വ്യക്തമായിട്ട് തന്നെ പറയാം. ഇവിടെ മൂന്നേകാൽ ലക്ഷം ആളുകൾക്ക് വീട് കൊടുത്തിട്ടുണ്ട്. ആ ലൈഫുമായി ഈ ലൈഫിന് യാതൊരു ബന്ധവുമില്ല. അത് ആദ്യം തിരുത്തണം. 

ഒരു ഫ്‌ളാറ്റിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്. അതിന് സർക്കാരുമായി യാതൊരു ബന്ധവുമില്ല. പ്രൈവറ്റ് സംവിധാനമാണത്. വടക്കാഞ്ചേരിയിലെ ഒരു ഫ്‌ളാറ്റിന്റെ പ്രശ്‌നം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് കിട്ടിയ പദ്ധതിയെ കുറ്റപ്പെടുത്താമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
 

Share this story