യുഡിഎഫില്‍ കൂടിയാലോചനയില്ല; വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത് ഖേദകരമെന്ന് അടൂര്‍ പ്രകാശ്

കോൺഗ്രസ്സ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനുവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. മുഖ്യമന്ത്രിക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം. യുഡിഎഫില്‍ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു.

ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ പരിഷ്‌കാരണ കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തായിരുന്നു മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനം നടത്തിയത്.

'യുഡിഎഫില്‍ കൂട്ടായ ആലോചന വേണം. എന്തൊക്കെ കാര്യങ്ങള്‍ യുഡിഎഫില്‍ നടക്കുന്നു എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ പോകുന്നത് ദുഃഖകരമാണ്. ചര്‍ച്ചയും ആലോചനയും ഇല്ലാതെയാണ് പല തീരുമാനങ്ങളും നടപ്പാക്കുന്നത്. പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെ. എം കെ മുനീറിനും ജി ദേവരാജനും കാബിനറ്റ് പദവി നല്‍കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് കണ്‍വീനര്‍ എന്ന ചുമതല ഏല്‍പ്പിച്ചത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ്. എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കും', അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ല താന്‍ ചെയ്യുന്നതെന്നും തന്റെ അനുഭവമാണ് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തായിരുന്നു പ്രതികരണം.

നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കാരണം പ്രതീക്ഷിച്ച പല സ്ഥലങ്ങളിലും നേട്ടങ്ങള്‍ ഉണ്ടായില്ല, വലിയ പരിക്കില്ലാതെ 18 സീറ്റുകള്‍ കിട്ടിയെന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം. ചിറയിന്‍കീഴിലെ തോല്‍വിക്ക് കാരണം രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളിയാണെന്നും അടൂര്‍ പ്രകാശ് വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് അസംതൃപ്തി ഉണ്ടാകാന്‍ ഇത് കാരണമായി. ഉണ്ടായത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ്. വൈദ്യുതി പ്രതിസന്ധിയും ഉപതെരഞ്ഞെടുപ്പിലെ തിരിച്ചട്ക്ക് കാരണമായി. ജനങ്ങള്‍ക്ക് അസംതൃപ്തി ഉണ്ടായി. ഹെലികോപ്റ്റര്‍ യാത്രയില്‍, കാര്യങ്ങള്‍ കൃത്യമായി മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Share this story