കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി
Oct 30, 2024, 14:54 IST

മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കക്കേസിൽ ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. പ്രതികളായ മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ല. ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണം, അത് കോടതിയിൽ ഹാജരാക്കണം. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണം. അന്വേഷണത്തിൽ കാലതാമസവും പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ട് വച്ചത്. തുടർന്ന് കോടതി നൽകിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി. പോലീസിന്റെ നിലവിലെ അന്വേഷണത്തിൽ തൃപ്തിയെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർഡ് എടുത്തു കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാണെന്നും യദു പറഞ്ഞു. ബസിന്റെ വാതിൽ തുറന്നു കൊടുത്തത് കണ്ടക്ടറാണെന്നും താൻ തുറന്നു കൊടുത്തിട്ടില്ല എന്നാണ് ഓർമയെന്നും യദു വ്യക്തമാക്കി.