വെടിക്കെട്ടില്ല, ആർഭാടമില്ല; വേദന ഉള്ളിലൊതുക്കി ഇന്ന് തൃശ്ശൂർ പൂരം

Pooram

ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ ഉണ്ടായിരുന്ന കുടമാറ്റ ചടങ്ങുകൾ 15 മിനിറ്റിൽ പൂർത്തിയാക്കും. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.
 
രാവിലെ തന്നെ ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തുന്നു. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. ശേഷം രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടക്കുക. 250 കലാകാരൻമാർ അണിനിരക്കും. 

ഇത്തവണ കുടമാറ്റ ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി 15 സെറ്റ് കുടകൾ മാത്രമേ മാറുകയുള്ളൂ. സാധാരണ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടുമാറ്റമാണ് നടത്തുക. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ ഉണ്ടാവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു. ഇതിന് പകരമായി പ്രതീകാത്മകമായി ഒരു വട്ടം മാത്രം കതിന പൊട്ടിക്കും. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി പടക്കങ്ങൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് മുണ്ടത്തിക്കോട്ടെ പടക്ക നിർമാണശാലയിൽ സ്ഫോടനമുണ്ടായത്.

ഏപ്രിൽ 20ന് തൃശൂർ പട്ടണത്തിലും പരിസരത്തുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ആചാരപരമായ പതാക ഉയർത്തൽ ചടങ്ങോടെയാണ് പ്രസിദ്ധമായ തൃശൂർ പൂരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

Tags

Share this story