ഒരു സ്ഥാപനവും സ്വകാര്യവത്കരിക്കില്ല; ജനങ്ങളുടെ തലയിൽ നികുതി ഭാരം കെട്ടിവെക്കാതെ ഖജനാവ് നിറയ്ക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവത്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നയം വ്യക്തമാക്കിയത്. ജനങ്ങളുടെ തലയിൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ തന്നെ സംസ്ഥാന ഖജനാവ് നിറയ്ക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നികുതി വർദ്ധനവല്ല, മറിച്ച് നികുതി ചോർച്ച തടയുന്നതിനാണ് മുൻഗണന നൽകുന്നത്. വൻകിട-ചെറുകിട മേഖലകളിലെ ജി.എസ്.ടി വെട്ടിപ്പ് കർശനമായി തടയുന്നതിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കും. കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെയും കാര്യക്ഷമമായ നികുതി പിരിവിലൂടെയും തകർന്നടിഞ്ഞ ഖജനാവിനെ സുരക്ഷിതമാക്കാൻ സർക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകി.

​യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയായാണ്, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story