ശബരിമല സ്വർണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. എന്നാൽ കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയിൽ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം.
വളരെ ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. ശബരിമലയിൽ നിന്ന് നാല് കിലോ സ്വർണം ഹൈക്കോടതി അറിയാതെ, ഉദ്യോഗസ്ഥരറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും മുഴുവൻ വിഷമത്തിലാക്കിയ പ്രശ്നമാണ്. ഗവൺമെന്റും ദേവസ്വം ബോർഡും അവരെ സംരക്ഷിക്കുകയാണ്.
ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടുകൂടി നാല് കിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയിൽ ഇത് അനുവദിക്കില്ല എന്ന് പറയുന്നത് തെറ്റായ കീഴ്വഴക്കമാണ്. ഞങ്ങൾ ഇതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.