ഫോൺ കോളോ ഇമെയിലോ പാടില്ലെന്ന് നിർദേശം; പിഎം ശ്രീ പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയത് അതീവ രഹസ്യമായി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീയുമായി മുന്നോട്ടുപോയത് അതീവരഹസ്യമാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പുറത്തറിയാതിരിക്കാന്‍ വിഷയം ഫോണില്‍ സംസാരിക്കരുതെന്നും വാട്‌സ്ആപ്പ് സന്ദേശം അയക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവന്‍കുട്ടി പറഞ്ഞതനുസരിച്ച് പ്രൈവറ്റ് സെക്രട്ടറിയാണ് വിലക്കേര്‍പ്പെടുത്തിയത്.
എസ്എസ്‌കെ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ ആക്ഷന്‍ കലണ്ടര്‍ റിപ്പോര്‍ട്ടിലാണ് വിശദവിവരങ്ങളുള്ളത്. പിഎംശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച പ്രധാനയോഗത്തില്‍ അഞ്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യയോഗത്തില്‍ തന്നെ തീരുമാനമെടുത്ത് അന്ന് തന്നെ കേന്ദ്രത്തിന് കത്തും നല്‍കിയിരുന്നു.
മന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ.രതീഷ് കാളിയാടന്‍, എസ്എസ്‌കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.സുപ്രിയ എ ആര്‍ എന്നിവരായിരുന്നു ഇതില്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കാനുള്ള കത്ത് തയ്യാറാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ എന്നിവ പാടില്ലെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിര്‍ദേശിച്ചത്.
അതിനിടെ പിഎംശ്രീ സംബന്ധിച്ച് എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ യോഗത്തിലുണ്ടായിരുന്ന ഡോ.രതീഷ് കാളിയാടന്‍ ഈയിടെ രംഗത്തെത്തിയിരുന്നു. ധാരണാപത്രത്തില്‍ ഒപ്പുവെച്ച സ്ഥിതിയ്ക്ക് പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകുമോ എന്നത് നിയമവിദഗ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്നും പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉളള അവകാശം ഇന്ത്യാ ഗവണ്‍മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണെന്നുമിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാന്‍ ആകില്ല എന്നതാണ് പ്രാഥമിക നിരീക്ഷണമെന്നുമായിരുന്നു ലേഖനം.
