പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ചക്ക്; കോൺഗ്രസ് അംഗങ്ങൾക്ക് വിട്ടുനിൽക്കാൻ നിർദേശം
പാലാ: പാലാ നഗരസഭയിൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കും. അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകി.
നഗരസഭയിലെ ഭരണസമിതിയുമായുള്ള ഭിന്നതകളെ തുടർന്ന് നിലവിലുള്ള സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേരത്തെ പിൻവലിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യ മുതലെടുത്താണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
കക്ഷിനില ഇങ്ങനെ:
- ആകെ അംഗങ്ങൾ: 26
യു.ഡി.എഫ് (കോൺഗ്രസ് ഉൾപ്പെടെ): 14 (കോൺഗ്രസ് - 6, കേരള കോൺഗ്രസ് - 3, സ്വതന്ത്ര മുന്നണി - 3, കെ.ഡി.പി - 1, സ്വതന്ത്രൻ - 1)
എൽ.ഡി.എഫ്: 12 (കേരള കോൺഗ്രസ് (എം) - 10, സി.പി.എം - 2)
അവിശ്വാസപ്രമേയം പാസാകാൻ 14 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. വിപ്പ് മറികടന്ന് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഭരണസമിതിയുടെ ഭാവി നിലനിൽക്കുന്നത്.
