ഉത്തര കേരളത്തിലെ ആദ്യ നോർവുഡ് സർജറി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ നോർവുഡ് സർജറി ( സ്റ്റേജ് -1 ) കോഴിക്കോട് ആസ്റ്റർ മിംസിൽ  വിജയകരമായി പൂർത്തീകരിച്ചു.വളരേ സങ്കീർണ്ണമായ ജനന വൈകല്യം ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം (എച്ച്എൽഎച്ച്എസ്) കണ്ടെത്തിയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിലാണ് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സർജറി വിജയകരമായി പൂർത്തീകരിച്ചത്.  ശരീരത്തിലെ പ്രധാന രക്തധമനിയായ അയോർട്ടയ്ക്ക് കാര്യമായ തടസ്സവും, രക്തധമനികൾക്ക് രക്ത ചംക്രമണത്തിന് ആവശ്യമായ വ്യാപ്തിയില്ലാതെയും മായിരുന്നു  ഈ കുഞ്ഞിൻ്റെ ജനനം. ശരീരഭാഗങ്ങളിലേക്കും ആന്തരിക അവയവങ്ങളിലേക്കും രക്തയോട്ടം കുറവായതിനാൽ അവയുടെ പ്രവത്തനത്തെ സാരമായി ബാധിച്ചിരുന്നു. വളരെ പെട്ടെന്ന് സർജറി ചെയ്ത് രക്തക്കുഴലുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ് മിംസ് ആശുപത്രിയിൽ എത്തിയിരുന്നത്.
ഈ അസുഖം കാണപ്പെടുന്നവരിൽ  ഹൃദയത്തിലെ വലത് വെൻട്രിക്കിൾ മാത്രമാണ് പമ്പിംഗ് ചേമ്പർ. ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അടയുന്ന  ഭ്രൂണ ചാനലിലൂടെ രക്തം രണ്ട് ശ്വാസകോശങ്ങളിലേക്കും ശരീരത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. ഈ പക്രിയക്ക് തടസ്സം  സംഭവിക്കുമ്പോൾ രക്ത ചംക്രമണത്തിന് മറ്റൊരു മാർഗവുമില്ലാതെ വരുന്നു. അങ്ങനെ സംഭവിച്ചാൽ ആന്തരിക അവയവങ്ങളിലും മറ്റു ശരീരഭാഗങ്ങളിലും രക്തമെത്താതെ വരികയും മരണം സംഭവിക്കുകയും ചെയ്തേക്കാം. ഇതിന് പരിഹാരമായാണ് കുട്ടിയുടെ ശ്വാസകോശത്തിലേക്കും മറ്റു അവയവങ്ങളിലേക്കും പോവുന്ന രക്തക്കുഴലുകൾ കൂട്ടി ചേർത്ത് ശുദ്ധരക്തത്തിന് വഴിയൊരുക്കുകയും അശുദ്ധ രക്തത്തിന് കടന്നുപോവാൻ പുതിയ രക്തക്കുഴലുകൾ സ്ഥാപിച്ച് രക്തചംക്രമണം നിലനിർത്തുകയും ചെയ്താണ് കുഞ്ഞിൻ്റെ ജീവൻ നിലനിർത്തിയത് .
കുഞ്ഞ് വളരുന്നതിനനുസരിച്ച് അവയവങ്ങൾ വളരുന്നത് കൊണ്ട് തന്നെ ആർടിഫിഷ്യലായി പിടിപ്പിച്ച കുഴലുകൾ മാറ്റി വെക്കേണ്ടതുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ശസ്ത്രക്രിയയിലൂടെയാണ് ഇത് ചെയ്യാറുള്ളത്.

നിലവിൽ സർജറിയുടെ ഒന്നാമത്തേതും അത്യന്തം സങ്കീർണവുമായ ഘട്ടമാണ് പൂർത്തീകരിച്ചത്.  കുഞ്ഞിന് 5-6 മാസം പ്രായമാവുമ്പോൾ  രണ്ടാം ഘട്ടവും 4-5 വയസ്സ് പ്രായമാവുമ്പോൾ മൂന്നാമത്തെ സർജറിയും കഴിയുന്നതോട് കൂടി കുഞ്ഞിൻ്റെ ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ കഴിയുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം തലവൻ ഡോ.ഗിരീഷ് വാരിയർ പറഞ്ഞു.

വളരെ ചെറിയ രക്തക്കുഴലുകൾ കൂട്ടി യോചിപ്പിക്കുന്നത് കൊണ്ട് തന്നെ അത്യന്തം സങ്കീർണമായ ശസ്ത്രക്രിയയാണെന്നും, കുട്ടിയുടെ ജീവനും മറ്റ് അവയവങ്ങൾക്കും യാതൊരുകേടുപാടുകളും സംഭവിക്കാതെ സംരക്ഷിക്കാൻ പറ്റിയത് ഡോക്ടർമാരുടെയും ഹോസ്പിറ്റൽ സ്റ്റാഫുകളുടെയും  കൂട്ടായ്മയുടെ വിജയമാണെന്നും സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ കൂടെ നിന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ഹോസ്പിറ്റൽ സ്റ്റാഫിനോടും, സാമൂഹ്യപ്രവർത്തകൻ കാദർ കരിപ്പൊടി ഉൾപ്പെടെയുള്ളവരോടുമുള്ള നന്ദി  കുഞ്ഞിൻ്റെ പിതാവ് അറിയിച്ചു.  ശസ്ത്രക്രിയക്ക് ഡോ ഗിരീഷ് വാരിയർ, ഡോ.ശബരിനാഥ് മേനോൻ,  ഡോ.സുജാത, ഡോ.പ്രീത രമേഷ്, ഡോ.രേണു പി കുറുപ്പ്, ഡോ.രമാ ദേവി, ഡോ.പ്രിയ, ഡോ.ദുർഗ, ഡോ.വിപിൻ,ഡോ.റയിനർ തുടങ്ങിയവരോടൊപ്പം പെർഫ്യൂഷനിസ്റ്റുകളും ഐസിയു & ഓപറേഷൻ തിയേറ്റർ വിഭാഗത്തിലെ നഴ്സുമാർ അടങ്ങിയ ടീം
നേതൃത്വം നൽകി. പത്ര സമ്മേളനത്തിൽ സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത്, ഡോ.ഗിരീഷ് വാരിയർ, ഡോ. ശബരിനാഥ്, ഡോ. രേണു പി കുറുപ്പ്, ഡോ.സുജാത പി, കുഞ്ഞിൻ്റെ പിതാവ് റസാഹിദ് മാതാവ് തമീമ തുടങ്ങിയവർ പങ്കെടുത്തു.

Share this story