കാര്‍ മാത്രമല്ല, 17കാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍; ദൃശ്യങ്ങൾ പുറത്ത്

ജയബാല

കൊച്ചി: ചേരാനല്ലൂരില്‍ അപകടത്തിന് കാരണമായ വാഹനം ഓടിച്ച പതിനേഴുകാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ബെന്‍സ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്കും കണ്ടെത്തിയത്. ഈ ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനാണെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. 17കാരന്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

പതിനേഴുകാരന്‍ ബൈക്ക് ഓടിക്കാറുണ്ടെന്നാണ് ഫ്‌ളാറ്റ് ജീവനക്കാരനും മൊഴി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷനിലും പൊലീസിന് സംശയമുണ്ട്. അതേസമയം 17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. പൊലീസുമായി കഴിഞ്ഞ ദിവസം കുടുംബം ചര്‍ച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചിരുന്നു.

ജഡ്ജിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ പരിശോധന ഏഴു മണിക്കൂര്‍ നീണ്ടിരുന്നു. ആഡംബര ബൈക്ക് കൂടാതെ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ രേഖകളും കസ്റ്റഡിലെടുത്തിട്ടുണ്ട്. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

Tags

Share this story