വണ്ടിപ്പെരിയാർ കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോടതിയുടെ പരാമർശങ്ങൾ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തിൽ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സണ്ണി ജോസഫ് എംഎൽഎയാണ് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ സഹായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കുറ്റം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും ആദ്യ ദിവസം മുതൽ അടച്ചു. തെളിവുകൾ നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്നും വി ഡി സതീശൻ പറഞ്ഞു.

Share this story