ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനു വി ജോണിന് നോട്ടീസ്; ഹാജരായില്ലെങ്കിൽ അറസ്‌റ്റെന്ന് പോലീസ്

vinu

ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു

വാർത്താ പരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവ് എളമരം കരീമിന്റെ പരാതിയിലാണ് നടപടി. 2022 മാർച്ച് 28 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് അവർ ഡിബേറ്റിലാണ് കേസിനാപ്‌സദമായ പരാമർശങ്ങൾ നടത്തിയത്. പണിമുടക്കിൽ വ്യാപക അക്രമങ്ങൾ ഉണ്ടായെന്ന വാർത്തകൾ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തിൽ എളമരം കരീം പ്രതികരിച്ചിരുന്നു. 

എളമരം കരീം പണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ ന്യായീകരിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുകയാണെന്ന് ചാനൽ ചർച്ചക്കിടെ വിനു വി ജോൺ ആരോപിച്ചു. ചർച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തിൽ എളമരം കരീമിനോ കുടുംബത്തിനോ നേർക്കാണ് അക്രമം നടന്നതെങ്കിൽ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് വിനു വി ജോൺ വിമർശിച്ചു.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേധമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു.. എന്നായിരുന്നു വിനു വി ജോൺ ചാനൽ ചർച്ചക്കിടെ പറഞ്ഞത്.
 

Share this story