ഇടതുപക്ഷത്തോട് അടുത്ത് എൻഎസ്എസ്; ആശങ്കയോടെ കോൺഗ്രസ്, നിലപാട് വിശദീകരിക്കും

sukumaran

ആഗോള അയ്യപ്പ സംഗമത്തെ തുടർന്ന് ഇടതുപക്ഷത്തോട് അടുത്ത എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ കോൺഗ്രസിന്റെ നിലപാട് വിശദീകരിക്കും. എൻഎസ്എസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. 

പ്രധാന നേതാക്കൾ തന്നെ പാർട്ടി നിലപാട് എൻഎസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വലിയ ആശങ്കയാണ് ഇതുസംബന്ധിച്ച് കോൺഗ്രസിനുള്ളത്

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ജി സുകുമാരൻ നായരുടെ പരാമർശങ്ങൾ കോൺഗ്രസിന് തിരിച്ചടിയായേക്കുമെന്ന പേടിയും നേതൃത്വത്തിനുണ്ട്. ഇതോടെയാണ് എൻഎസ്എസിനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് നേതൃത്വം വിലയിരുത്തിയത്. വിശ്വാസ പ്രശ്‌നങ്ങളിൽ സിപിഎമ്മിനെ വിമർശിക്കുമ്പോൾ അത് എൻഎസ്എസിനെ ചൊടിപ്പിക്കാതെ നോക്കണമെന്ന നിർദേശവും നേതൃത്വം നൽകുന്നു

ശബരിമല വിഷയത്തിൽ എൽഡിഎഫിനൊപ്പം ആണെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. എൽഡിഎഫ് സർക്കാർ ാചാരം സംരക്ഷിക്കാൻ നടപടിയെടുക്കുകയാണ്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സർക്കാരും കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയതായും ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
 

Tags

Share this story