സംസ്ഥാനത്തെ നഴ്‌സുമാരുടെ ജോലി ഇനി ഷിഫ്റ്റ് അടിസ്ഥാനത്തിൽ; പകൽ 6 മണിക്കൂർ വീതം രണ്ട് ഷിഫ്റ്റ്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി മുതൽ ഷിഫ്റ്റ് സമ്പ്രദായം. പകൽ ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റും രാത്രി 12 മണിക്കൂറുള്ള ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു.
പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറുമണിക്കൂർ വീതമായിരിക്കും ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ സമ്പ്രദായം നടപ്പാക്കാനിരുന്നത്. എന്നാൽ പുതിയ ഉത്തരവവനുസരിച്ച് എല്ലാ സ്വകാര്യ ആശുപത്രികളിലും ഉത്തരവ് ബാധകമാണ്.
ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായി ഓവർടൈം അലവൻസ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ തൊഴിൽ സമയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.