ഡോക്‌ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; നടി ഉൾപ്പെട്ട മർദനക്കേസിൽ വഴിത്തിരിവ്

അതുല്യ ചന്ദ്ര
ഡോ. ജോൺ വർഗീസ്

കൊച്ചി: നടി അതുല്യ ചന്ദ്ര ഉൾപ്പെട്ട മർദനക്കേസ് പുതിയ വഴിത്തിരുവിൽ. ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്‌ടർ ജോൺ വർഗീസിനെതിരേ നിർണായകമായ തെളിവുകൾ പൊലീസിന് ലഭിച്ചു. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഡോക്‌ടർ സ്വന്തം ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ഡോക്‌ടറുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഇൻഫോപാർ‌ക് പൊലീസ് നടത്തിയ പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.

ദൃശ്യങ്ങളിലുള്ള സ്ത്രീകൾ പരാതി നൽകിയാൽ ഡോക്‌ടർക്കെതിരേ കൂടുതൽ കേസുകൾ എടുക്കും. അതിനിടെ പീഡന കേസ് എടുത്തതിനു പിന്നാലെ ഡോക്‌ടർ ജോൺ വർഗീസ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് ഇൻഫോപാർക്ക് പൊലീസ്.

യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർ​ഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

Tags

Share this story