അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ മുൻപ് കോൺഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും അറിയാം.
പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന്റെ ഗോഡ്ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന്, അയ്യോ ഞാനല്ലേ, എന്നെ അങ്ങ് വിട്ടേക്കൂ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.
ശബരിമല സ്വർണക്കൊളള കേസിൽ ഇനിയും ജയിലിലേക്ക് പോകാൻ ധാരാളം ആളുകളുണ്ടെന്നും അവരും ഉടൻ ജയിലിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ശബരിമല സ്വർണക്കൊളള ചർച്ച ചെയ്യാതിരിക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ ജയകുമാറിനെ പുതിയ ചുമതല ഏൽപ്പിച്ചത് സർക്കാരാണെന്നും അത് ശരിയോ തെറ്റോ എന്ന് കോടതി പരിശോധിക്കട്ടെയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
