ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ; എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ: ആർ. ശ്രീലേഖ

Trish

തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ നമുക്ക് എന്തിനെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. തൃശൂരിൽ ഇങ്ങനെയൊരു പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്ന വിവരം പൊലീസും ഫയർ ഫോഴ്സും അറിഞ്ഞിരുന്നോ എന്നാണ് ശ്രീലേഖ ചോദിക്കുന്നത്. ഇതൊക്കെ നോക്കാൻ ആർക്കും സമയമില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ പറഞ്ഞു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ വേണ്ടെന്ന് വെച്ചൂടെ എന്നും ശ്രീലേഖ ചോദിക്കുന്നു.

ശ്രീലേഖയുടെ കുറിപ്പ്

തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.

പൊലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?

ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?

എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?

നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

Tags

Share this story