പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; ഏഴ് പൊലീസ് ഉദ‍്യോഗസ്ഥരെ സ്ഥലം മാറ്റി

മ്യൂസിയം

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി) ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ‌ പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരേ നടപടി. 7 പൊലീസ് ഉദ‍്യോഗസ്ഥരെ എആർ ക‍്യാംപിലേക്ക് സ്ഥലം മാറ്റി.

സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും വലിയ രീതിയിൽ വൈറലായതോടെ എഡിജിപി പി. വിജയനാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൺ ബി. കൃഷ്ണ തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കേസിന്‍റെ ഭാഗമായി തിരുവനന്തപുരം മ‍്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികളെ ഒത്തിരി നേരം തുടരാൻ അനുവദിച്ചത് പ്രധാന വീഴ്ചയാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പ്രതികളെ സ്റ്റേഷനിൽ നിന്നും പറഞ്ഞു വിടാനോ നീക്കാനോ ഡ‍്യൂട്ടിയിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ വ‍്യക്തമാക്കിയിരുന്നു. സംഭവ സമയം എസ്എച്ച്ഒ സ്റ്റേഷനിലില്ലാത്തതിനാൽ ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ‍്യോഗസ്ഥർക്കും കാവൽ ചുമതലയുണ്ടായിരുന്നവർക്കുമാണ് പ്രധാനമായും വീഴ്ച പറ്റിയതെന്നാണ് കണ്ടെത്തൽ.

Tags

Share this story