ഓണം അവധി; മികച്ച വരുമാനം നേടി കെഎസ്ആർടിസി
തിരുവനന്തപുരം: ഓണം അവധിക്കാലത്തെ തിരക്ക് കെഎസ്ആർടിസിയുടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനയ്ക്ക് വഴിയൊരുക്കി. അധിക സർവീസുകളും കൃത്യമായ സർവീസ് ആസൂത്രണവും യാത്രക്കാരുടെ എണ്ണം വർധിക്കാൻ സഹായിച്ചതായി അധികൃതർ അറിയിച്ചു.
ചതയ ദിനമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസി 8.07 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. അന്ന് 3,787 ബസുകൾ സർവീസ് നടത്തുകയും 22,02,992 യാത്രക്കാർ സഞ്ചരിക്കുകയും ചെയ്തു. ഉത്രാട ദിനമായ ചൊവ്വാഴ്ച 21,45,267 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. ഇതിലൂടെ ആകെ 7.88 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 19,31,706 യാത്രക്കാരായിരുന്നു കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. അന്ന് ലഭിച്ച വരുമാനം 7.57 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ യാത്രക്കാരുടെയും വരുമാനത്തിന്‍റെയും എണ്ണത്തിൽ വർധനയുണ്ടായി.
തിരുവോണ ദിനമായ ബുധനാഴ്ച 2,597 ബസുകൾ സർവീസ് നടത്തി. 12,95,172 യാത്രക്കാർ സഞ്ചരിക്കുകയും 4.77 കോടി രൂപ വരുമാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ 9,52,396 യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിച്ചത്. അന്ന് 4.74 കോടി രൂപയായിരുന്നു വരുമാനം.
അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി. 19,91,846 യാത്രക്കാരിൽനിന്നായി 7.01 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 17,81,644 യാത്രക്കാരിൽനിന്ന് 6.15 കോടി രൂപയായിരുന്നു വരുമാനം.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചത് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനും സഹായിച്ചെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി കണ്ടെത്തി അതനുസരിച്ച് അധിക സർവീസുകൾ ക്രമീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
കൂടുതൽ ബസുകൾ അന്തർസംസ്ഥാന സർവീസുകൾക്കായി വിന്യസിച്ചതും ഫലപ്രദമായ സർവീസ് ആസൂത്രണവും യാത്രക്കാർക്ക് അമിത നിരക്ക് നൽകാതെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സഹായിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.
