റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളും; നന്ദി പറഞ്ഞ് മാര്‍ ജോസഫ് പാംപ്ലാനി

പാംപ്ലാനി

കണ്ണൂര്‍: റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരില്‍ സഭ നിര്‍ദേശിച്ചയാളെ നിയമിച്ചതിന് മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സഭ നിര്‍ദേശിക്കുന്നയാളെ എടുക്കുമെന്ന് നേരത്തെ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് മന്ത്രി പാലിച്ചുവെന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ഭൂപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇപ്പോള്‍ സഭയ്ക്ക് കഴിയുന്നുണ്ടെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. മന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം.

'ഞങ്ങള്‍ മെത്രാന്മാര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുടെ സ്റ്റാഫിലേക്ക് ഞങ്ങളുടെ ഇടയില്‍ നിന്നും ഒരാളെ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്ന നിങ്ങള്‍ക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്‌തോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഭംഗി വാക്ക് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ നല്‍കിയ ഉറപ്പ് മന്ത്രി പാലിച്ചു', മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഭൂപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സഭയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും പ്രതികരണമുണ്ട്.

പ്രസംഗം ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ആരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും സഭകള്‍ അടക്കമുള്ളവരാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇതില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മറുപടി പറയട്ടെയെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Tags

Share this story