നടൻ വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: കട്ടപ്പനയിൽ അസം സ്വദേശികളിൽ നിന്ന് പണം തട്ടിയതായി പരാതി

തട്ടിപ്പ്

ഇടുക്കി: സംസ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. തട്ടിപ്പില്‍ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിന് ആകെ 22,000 രൂപ നഷ്ടമായി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയില്‍ നിന്നുമാണ് ഹിന്ദിയില്‍ വാട്‌സ്ആപ് സന്ദേശം ലഭിച്ചത്. പണത്തിന് ആവശ്യമുണ്ടെങ്കില്‍ തരപ്പെടുത്തി തരാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.

ഉടന്‍ കുടുംബം വീട് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചതായും പണം ലഭിക്കണമെങ്കില്‍ ആറായിരം രൂപ നല്‍കണമെന്നും സന്ദേശമെത്തി. കുടുംബം ആറായിരം രൂപ ആദ്യം നല്‍കുകയും വിവിധ ഘട്ടങ്ങളിലായി 22,000 രൂപ അയച്ചുനല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രദീപ് കട്ടപ്പന പൊലീസിന് പരാതി നല്‍കി.

ഈ മാസം മൂന്നാം തീയതി വാട്‌സ്ആപ്പില്‍ കോള്‍ വന്നു. പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ആദ്യം 6,000 അയക്കാന്‍ പറഞ്ഞു. ഇങ്ങനെ മൊത്തം 22,000 രൂപ അയച്ചു. പൈസ പോയി. ഇപ്പോള്‍ നല്ല ആശങ്കയുണ്ട്', പ്രദീപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രദീപിന്റെ ഭാര്യയും മകനും ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കവേയായിരുന്നു സന്ദേശം വന്നത്.

സന്ദേശത്തിന് മറുപടി നല്‍കിയതും പണം നല്‍കിയതും പ്രദീപിന്റെ ഭാര്യയാണ്. ഒടുവില്‍ 22,000 രൂപ നഷ്ടമായതിന് ശേഷമാണ് പ്രദീപ് വിവരമറിയുന്നത്. തുടര്‍ന്നും പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വരാന്‍ തുടങ്ങിയതോടെയാണ് പ്രദീപ് പൊലീസിനെ സമീപിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ നിരവധിപ്പേര്‍ ഈ തട്ടിപ്പില്‍ ഇരകളായെന്നാണ് പൊലീസ് പറയുന്നത്.

Tags

Share this story