സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രി മാത്രം: വി ഡി സതീശൻ

സംസ്ഥാനത്ത് മരുന്നുക്ഷാമം ഇല്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ മരുന്ന് ക്ഷാമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷനിൽ കാലങ്ങളായി നിലനിൽക്കുന്ന സിസ്റ്റത്തെ കുറിച്ചാണ് മന്ത്രി വിശദീകരിച്ചത്. എന്നാൽ ആ സിസ്റ്റം പരാജയപ്പെട്ടതു സംബന്ധിച്ച ചോദ്യങ്ങളാണ് പ്രതിപക്ഷാംഗങ്ങൾ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

67 ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 62826 സന്ദർഭങ്ങളിലും മരുന്ന് ലഭിച്ചില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്. ചില അവശ്യമരുന്നുകൾ 1745 ദിവസം വരെ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും മെഡിക്കൽ സർവീസസ് കോർപറേഷൻ 536 ഇനങ്ങൾക്ക് മാത്രമാണ് ഓർഡർ നൽകിയത്. 1085 ഇനങ്ങൾക്ക് ഓർഡർ നൽകിയില്ല.

ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനുള്ള നൽകണമെന്ന വ്യവസ്ഥ നിലനിൽക്കുമ്പോൾ 80 ശതമാനം മരുന്നുകളും ലഭ്യമാക്കില്ല. ചില കമ്പനികൾ 988 ദിവസം വരെ കാലതാമസമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. നിലവിലെ സിസ്റ്റം പരാജയപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും വിതരണം ചെയ്തെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്. ആശുപത്രികളിൽ മരുന്നുകൾ ഇല്ലെന്ന് മാധ്യമങ്ങളും രോഗികളും ജനങ്ങളും പറഞ്ഞിട്ടും ആവശ്യമായ മരുന്നുണ്ടെന്ന് പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണെന്നും സതീശൻ ആരോപിച്ചു. 

Share this story