വടക്കഞ്ചേരി പഞ്ചായത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
പാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. പഞ്ചായത്തിലെ 21ാം വാർഡിൽ നിന്ന് ജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15ാം വാർഡിൽ നിന്ന് ജയിച്ച എൽഡിഎഫ് അംഗം സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്
ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ചക്കുള്ളിൽ എതിർ കക്ഷികൾ വാദം പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി
അതേസമയം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
