ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യുമോണിയക്കുള്ള ചികിത്സ നെയ്യാറ്റിൻകരയിൽ: നീക്കം വിവാദങ്ങള്‍ക്കിടെ

തിരുവനന്തപുരം: ചികിത്സാ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് ന്യുമോണിയയ്ക്കുള്ള ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നേരത്തെ ഭാര്യയും മകനും മകളും ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നതായി സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും മകന്‍ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയും ചികിത്സ നിഷേധിച്ചെന്നാണ് സഹോദരന്‍ ആരോപിച്ചത്. ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ മകനും ഭാര്യയും ആണ് അവിടെവച്ചു ചികിത്സ നിഷേധിച്ചതെന്നും രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വര്‍ഷത്തോളം കുടുംബാംഗങ്ങളില്‍ നിന്ന് ഈ വിവരം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മൂത്ത മകള്‍ മറിയം ഉമ്മനും ഇളയ മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നില്‍ക്കുന്നത്. ആധുനിക ചികിത്സയ്ക്ക് പകരം ആയുര്‍വേദ ചികിത്സയാണ് ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. ജര്‍മ്മനിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയില്‍ ചികിത്സ നടത്താന്‍ ഇവര്‍ സമ്മതിച്ചില്ലെന്നും അലക്സ് ചാണ്ടി പറഞ്ഞു.
ചികിത്സ നിഷേധിക്കുന്നതില്‍ പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നു. സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു
അതേസമയം പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ്. ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബെംളൂരില്‍ ഡോ.വിശാല്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുളള ചികിത്സയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം ജനുവരി ഒന്നിനാണ് ഉമ്മന്‍ചാണ്ടി കേരളത്തിലെത്തിയത്. തൊണ്ടയിലായിരുന്നു രോഗബാധ. ജര്‍മ്മനിയിലെ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ചികിത്സ വളരെ ഫലപ്രദമായിരുന്നു. നിലവില്‍ പൂര്‍ണ്ണ വിശ്രമത്തിലാണദ്ദേഹം. നിലവില്‍ ആരേയും സന്ദര്‍ശനത്തിനായി അനുവദിക്കുന്നില്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.