ഓപറേഷൻ നുംഖോർ: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതർ പരിശോധിക്കുന്നത്. വാഹന ഡീലർമാരിൽ നിന്നടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തതായി വിവരം ലഭിച്ചത്
മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ് യു വി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രമായി 11 വാഹനങ്ങൾ പിടിച്ചെടുത്തു. പൃഥ്വിരാജ്, മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്
പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂരിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കും. കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വൈകിട്ട് കൊച്ചിയിൽ കസ്റ്റംസ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.