ഓപ്പറേഷൻ നുംഖോർ; ഭൂട്ടാൻ വാഹനക്കള്ളക്കടത്ത് കേസിൽ ജയ്‌പൂർ സ്വദേശി യാഷ് അറസ്റ്റിൽ

Arrest

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തുന്ന വൻ മാഫിയ സംഘത്തിലെ പ്രധാനിയായ ജയ്‌പൂർ സ്വദേശി യാഷ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി. കേസിലെ മുഖ്യസൂത്രധാരനായ ബിസ്വദീപ് ദാസിന്റെ ഏറ്റവും അടുത്ത സഹായിയാണ് ഇയാൾ. ഇതോടെ ഈ ആഡംബര വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി.

​ഡൽഹിയും ജയ്‌പൂരും കേന്ദ്രീകരിച്ചായിരുന്നു യാഷ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഭൂട്ടാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തേണ്ട വാഹനങ്ങൾ കണ്ടെത്തുക, കടത്ത് ആസൂത്രണം ചെയ്യുക, അതിർത്തിയിലെ നീക്കങ്ങൾ ഏകോപിപ്പിക്കുക എന്നിവയായിരുന്നു ഇയാളുടെ ചുമതല. കേരളത്തിലേക്ക് അനധികൃതമായി എത്തിയ പല ആഡംബര എസ്‌യുവികൾക്കും (SUV) പിന്നിൽ യാഷ് ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി ബിസ്വദീപ് ദാസുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ഇയാളാണ് പുതിയ വാങ്ങലുകാരെ റാക്കറ്റിലേക്ക് പരിചയപ്പെടുത്തിയിരുന്നതും.

​ഭൂട്ടാനിൽ വിദേശ വാഹനങ്ങൾക്ക് ഇന്ത്യയെ അപേക്ഷിച്ച് നികുതി വളരെ കുറവാണെന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന 'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) എന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. ഭൂട്ടാൻ റോയൽ ആർമിയുടെയും മറ്റും പേരിൽ വ്യാജരേഖകൾ ചമച്ച്, മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 'പരിവാഹൻ' വെബ്‌സൈറ്റിൽ തിരിമറി നടത്തിയാണ് ഇവർ വാഹനങ്ങൾ റജിസ്റ്റർ ചെയ്തിരുന്നത്.

​കേരളത്തിൽ മാത്രം ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന ഇരുനൂറോളം ആഡംബര വാഹനങ്ങൾ ഉണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ഇതിൽ സിനിമാ താരങ്ങളുടെയും പ്രമുഖ വ്യവസായികളുടെയും പക്കൽ നിന്നടക്കം 49 വാഹനങ്ങൾ ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ യാഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ അന്തർസംസ്ഥാന ബന്ധമുള്ള ഈ വലിയ തട്ടിപ്പ് സംഘത്തിലെ കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Tags

Share this story