എതിർ സ്ഥാനാർഥിയുടെ പരാതി; വിഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികയിൽ സൂക്ഷ്മപരിശോധന തുടരുന്നതിനിടെ പറവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്.
ഔദ്യോഗിക വാഹനത്തിനുള്ള പെനാൽറ്റി, കൈയിലുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, സ്വത്ത് വകകളിൽ അവ്യക്തത നിലനിൽക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതോടെയാണ് പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചത്. പത്രിക ഇന്ന് മൂന്ന് മണിയ്ക്ക് വീണ്ടും പരിഗണിക്കും.
അതേസമയം നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖരന്റെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്നായിരുന്നു ആദ്യം പത്രിക സ്വീകരിക്കാതിരുന്നത്.
