ബാർ കോഴ ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

assembly

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബാർ കോഴ ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മറുപടി നൽകിയ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി.

മദ്യ നയത്തിൽ പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്നും റോജി എം ജോണിന് മറുപടി നൽകിക്കൊണ്ട് എം ബി രാജേഷ് പറഞ്ഞു. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്റെ ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്റെ പേരിൽ വാട്‌സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താൻ തന്നെയാണ് ഡിജിപിക്ക് കത്തയച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിഷയാവതരണത്തിനിടെ രാമായണത്തിലെ ഉദ്ധരണികൾ പരാമർശിച്ച് റോജി എം ജോൺ കെ എം മാണിക്കെതിരെ എൽഡിഎഫ് ഉയർത്തിയ ഒന്നാം ബാർ കോഴ വിവാദവും സഭയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവന്നു. 'അതിനൊപ്പം തന്നെ അന്ന് മാണിക്കെതിരായ വിഎസിന്റെ പഴയ ബൈബിൾ വാക്യവും റോജി സഭയിൽ ആവർത്തിച്ചു. 

ബാർ കോഴ വിവാദത്തിൽ കോടികളുടെ കോഴ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സിപിഐ നേതാവടക്കം ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തുവന്നിട്ടും യാതൊരു നടപടിയുമെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ബാർ മുതലാളിമാർ പണം പിരിക്കുന്നത് എന്തായാലും പ്രതിപക്ഷത്തിന് വേണ്ടിയല്ല. അത് ആർക്കുവേണ്ടിയാണെന്ന് മനസ്സിലാവാത്തത് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണെന്നും എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസാണോയെന്നും റോജി എം ജോൺ ചോദിച്ചു.

Share this story