സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം; എംഎൽഎ ബോധം കെട്ടുവീണു

assembly

നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ നീതി പാലിക്കുക എന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ചു. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഇവരെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി

സംഘർഷത്തിനിടെ യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ടുവീണു. ഇദ്ദേഹത്തെ ഉടനെ വാച്ച് ആൻഡ് വാർഡ് പ്രതിഷേധ സ്ഥലത്ത് നിന്നും മാറ്റി. നിയമസഭയിലെ ഡോക്ടർമാർ എംഎൽഎയെ പരിശോധിക്കുകയാണ്. അതേസമയം എംഎൽഎയെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു

ഭരണപക്ഷ എംഎൽഎമാരും പ്രതിപക്ഷത്തെ ചെറുക്കാൻ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ട്. സച്ചിൻദേവ്, ആൻസലൻ തുടങ്ങിയവർ ഓഫീസിന് മുന്നിലെത്തിയിരുന്നു. ഇതിനിടെ സ്പീക്കർ പ്രതിപക്ഷ നേതാക്കളെ ചർച്ചക്ക് വിളിച്ചു. ഇതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
 

Share this story