ആരോഗ്യരംഗത്ത് പ്രതിസന്ധിയെന്ന് പ്രതിപക്ഷം; കണക്കുകൾ ചൂണ്ടിക്കാട്ടി മറുപടിയുമായി മന്ത്രി

veena

മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫണ്ട് ഇല്ലായ്മയും ഉപകരണങ്ങളുടെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയ പരാമർശവും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും എക്‌സ്‌റേ ഫിലിമിന്റെയും ദൗർലഭ്യം സംബന്ധിച്ച വാർത്തകളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു

എന്നാൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നും മുൻ സർക്കാരുകളേക്കാൾ സൗജന്യ ചികിത്സയും ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ട് പലമടങ്ങ് വർധിപ്പിച്ചെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് വിനിയോഗം അടക്കം താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ മറുപടി

2011-2016 യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങാൻ 15.64 കോടി രൂപ ചെലവഴിച്ചപ്പോൾ ഒന്നാം പിണറായി സർക്കാർ 41.84 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാർ ഇതിനോടകം 80.66 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി

യുഡിഎഫ് സർക്കാർ കാലത്ത് സർക്കാർ ആശുപത്രികളിലെ ഒപി രജിസ്‌ട്രേഷൻ 8 കോടി ആയിരുന്നുവെങ്കിൽ ഇപ്പോഴത് 13 കോടിയായി ഉയർന്നു. ഇത് ജനസംഖ്യ വർധനവ് കൊണ്ടല്ല, മറിച്ച് സർക്കാർ സംവിധാനത്തിലുള്ള വിശ്വാസം വർധിച്ചത് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരന്റെ അവസാന കാലയളവിൽ 114 കോടി രൂപയാണ് ഇൻഷുറൻസ് തുകയായി അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷം 1498.5 കോടി രൂപ ഈ സർക്കാർ ചെലവഴിച്ചെന്നും മന്ത്രി വ്യക്തമാക്കി
 

Tags

Share this story