മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുള്ള അകമ്പടി വാഹനത്തിന്റെ അമിതവേഗം: റിപ്പോര്‍ട്ട് തേടി കോടതി

CM

കോട്ടയം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതില്‍ റിപ്പോര്‍ട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ മുഹ്‌സിനോടാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയാണ് കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിതവേഗത്തില്‍ കടന്നു പോയത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോള്‍ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ കടന്നുപോയതില്‍ മജിസ്‌ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് 17-ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Share this story