പാലക്കാട് അരുംകൊല; കവർച്ചയ്ക്കിടെ 66കാരിയെ തീയിട്ട് കൊന്ന് കുഴിച്ചുമൂടി: 19കാരൻ പിടിയിൽ

Crime

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവർച്ചാ ശ്രമത്തിനിടെ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി. വടകരപ്പതി ആട്ടയമ്പതി സ്വദേശിനി സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 19 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

​കഴിഞ്ഞ ജൂൺ 10 മുതൽ സരസാളിനെ കാണാനില്ലെന്ന് കാട്ടി മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചില യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

​തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വയോധികയുടെ മൂക്കുത്തി അടക്കമുള്ള സ്വർണാഭരണങ്ങൾ കവരാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. സരസാളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിക്കുകയും, പകുതി കത്തിയ നിലയിലായപ്പോൾ ചാക്കിൽ കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയുമായിരുന്നു എന്ന് പ്രതികൾ മൊഴി നൽകി.

​സംഭവസ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ നടത്തിവരികയാണ്. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയ ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags

Share this story