പാലക്കാട് വീണ്ടും കാട്ടാനക്കലി; അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

Animal കാട്ടാന

പാലക്കാട്: ജില്ലയിലെ മലയോര മേഖലകളിൽ വീണ്ടും കാട്ടാനയാക്രമണം രൂക്ഷമാകുന്നു. അട്ടപ്പാടിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടിടങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി (30), മിനി ഷാജി (48), ഓട്ടോ ഡ്രൈവർ പ്രസാദ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

പുഴയിലേക്ക് പോയ യുവാവിന് നേരെ ആക്രമണം

​പുതൂർ പഞ്ചായത്തിലെ മുള്ളിയിലാണ് ആദ്യത്തെ സംഭവം നടന്നത്. പുലർച്ചെ നാല് മണിയോടെ പുഴയിലേക്ക് പോകാനിറങ്ങിയ ആദിവാസി യുവാവായ വെള്ളിങ്കിരിയെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്.

ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു

​രണ്ടാമത്തെ സംഭവം അഗളി ചിറ്റൂരിലാണ് (ഗൂളിക്കടവിന് സമീപം) നടന്നത്. പുലർച്ചെ അഞ്ചരയോടെ കെ.എസ്.ആർ.ടി.സി ബസ് പിടിക്കാനായി ഓട്ടോയിൽ വരികയായിരുന്ന യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ വളവിൽ നിന്നിരുന്ന കാട്ടാന ഓട്ടോറിക്ഷയെ സമീപത്തെ കൾവർട്ടിനടിയിലെ താഴ്ചയിലേക്ക് കുത്തിമറിച്ചിടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന പെട്ടിക്കൽ സ്വദേശിനിയായ യാത്രക്കാരി വടക്കേടത്ത് മിനി ഷാജി, ഡ്രൈവർ അറക്കൽ വീട്ടിൽ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം വയനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനി ജെസി, വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് തോട്ടം തൊഴിലാളി രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച 

മലപ്പുറത്തും കഴിഞ്ഞ ദിവസം കാട്ടാന ആക്രമണമുണ്ടായി. നിലമ്പൂർ കരുളായി ശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം. കരുളായി സ്വദേശി സൈനബക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സൈനബയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനമേഖലയിൽ തേക്കിൻ തൈകൾ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു.

Tags

Share this story