പാലക്കാട്ടെ സ്പിരിറ്റ് കേസ്: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസൻ കീഴടങ്ങി
Oct 29, 2025, 15:27 IST
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ് കീഴടങ്ങിയത്. മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം കണ്ണയ്യൻ എന്ന ആളുടെ പക്കൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ഹരിദാസൻ ഒളിവിൽ പോയിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ ഹരിദാസനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
ലോക്കൽ സെക്രട്ടറി ഹരിദാസനും സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് പിടിയിലായ കണ്ണയ്യന്റെ മൊഴി. ഹരിദാസനാണ് കേസിലെ ഒന്നാം പ്രതി. ഹരിദാസന് സ്പിരിറ്റ് എത്തിച്ച് നൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരും കേസിലെ പ്രതികളാണ്.
