പാലത്തായി പീഡനക്കേസ്: പ്രതിയും ബിജെപി നേതാവുമായ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷാവിധി തലശ്ശേരി പോക്‌സോ കോടതി നാളെ പ്രഖ്യാപിക്കും. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതി വാക്കാൽ പരാമർശിച്ചു
യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചതായി 2020 മാർച്ച് 17നാണ് നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ചൈൽഡ് ലൈനിന് മൊഴി നൽകിയത്. ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. പീഡന വിവരം പെൺകുട്ടി സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു.
പ്രതിക്കെതിരെ തെളിവില്ലെന്നും കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നുമായിരുന്നു ആദ്യം അന്വേഷിച്ച പാനൂർ പോലീസിന്റെ കുറ്റപത്രം. ഇത് വിവാദമായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ചും സമാന കണ്ടെത്തലിലേക്കാണ് എത്തിയത്. ഇതേ തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് നിയമിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്.
